പാരിസ് ഒളിമ്പിക്സിന്റെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നോഹ സ്വർണമണിഞ്ഞത്. 100 മീറ്ററിലെ വേഗപ്പോരിൽ ജമൈക്കയുടെ കിഷെയ്ൻ തോംസണെയാണ് താരം പിന്നിലാക്കിയത്. 9.79 സെക്കന്റിലാണ് ലൈൽസും കിഷെയ്നും ഫിനിഷ് ചെയ്തത്. സെക്കന്റിന്റെ അയ്യായിരത്തിൽ ഒന്ന് അംശത്തിൽ ലൈൽസ് മുന്നിലെത്തി. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 100 മീറ്റർ ഫൈനലാണിത്.
9.79 (9.789) സെക്കന്റിലാണ് ജമൈക്കൻ താരം വെള്ളി നേടിയത്. 9.81 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ യുഎസിന്റെ തന്നെ ഫ്രെഡ് കെർലിക്കാണ് വെങ്കലം. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ് അദ്ദേഹം. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ ജസ്റ്റിൻ ഗാട്ലിന് ശേഷം 100 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് നോഹ ലൈൽസ്. ടോക്കിയോയിൽ 200 മീറ്ററിൽ വെങ്കലം നേടിയ താരം, ഒളിമ്പിക്സിൽ ആദ്യമായാണ് സ്വർണം നേടുന്നത്.