ലക്നൗ : മദ്രസയ്‌ക്കുള്ളിൽ 12 കാരൻ കുത്തേറ്റ് മരിച്ചു . സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ തുളസിപൂർ മദ്രസയ്‌ക്കുള്ളിലാണ് മുഹമ്മദ് അയാൻ എന്ന വിദ്യാർത്ഥി കുത്തേറ്റ് മരിച്ചത്. നേരത്തെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
നേപ്പാൾ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ഇറ്റാവ റോഡിലാണ് ജാമിയ നൈമിയ്യ അർബി കോളേജ് എന്ന പേരിൽ മദ്രസ സ്ഥിതി ചെയ്യുന്നത് . മുഹമ്മദ് അയാൻ രണ്ട് വർഷമായി ഇവിടെയാണ് മത വിദ്യാഭ്യാസം തേടുന്നത് . ആഗസ്ത് ഒന്നാം തീയതിയാണ് അയാൻ സഹപാഠിയായ 12 കാരന്റെ കുത്തേറ്റ് കൊല്ലപ്പെടുന്നത് .
ദിവസങ്ങൾക്ക് മുൻപ് മുഹമ്മദ് അയാൻ സഹപാഠിയുമായി വഴക്കുണ്ടാക്കുകയും സഹപാഠിയെ അസഭ്യം പറയുകയും ചെയ്തതായാണ് പിടിയിലായ കുട്ടി പൊലീസിനോട് പറഞ്ഞത്. തുടർന്ന് ദേഷ്യത്താൽ നിസ്കാര പ്രാർത്ഥനയ്‌ക്ക് മുൻപ് അയാനെ കൊല്ലുമെന്ന് സത്യം ചെയ്തു . ഇതിനായി കത്തി വാങ്ങി സൂട്ട്‌കേസിൽ ഒളിപ്പിച്ചു.
ഓഗസ്റ്റ് ഒന്നിന് രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ, അയാന്റെ മുഖത്ത് തലയണ വച്ച് അമർത്തുകയും കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ അയാൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അയാന് അനക്കമില്ലെന്ന് കണ്ടതോടെ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മറച്ച ശേഷം സഹപാഠി സ്വന്തം മുറിയിലെത്തി . രക്തം പുരണ്ട വസ്ത്രങ്ങൾ ഊരി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. വസ്ത്രം മാറി ഉറങ്ങാൻ കിടന്നു.സ്യൂട്ട്കേസിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.