ന്യൂഡൽഹി: പ്രയാസകരമായ ഘട്ടത്തിലും ബംഗ്ലാദേശിന് നൽകിയ പിന്തുണയ്‌ക്ക് ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് അലിഗഢ് മുസ്ലീം സർവകലാശാലയിലെ ബംഗ്ലാദേശി വിദ്യാർത്ഥികൾ. ഇന്ത്യയിൽ തങ്ങൾ സുരക്ഷിതരാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. സ്വന്തം നാട്ടിലേക്ക് ഇനി എപ്പോൾ മടങ്ങാൻ സാധിക്കും എന്നത് സംബന്ധിച്ചുള്ള ആശങ്കകളും അവർ പങ്കുവച്ചു.
വളരെയധികം ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ പായൽ റോയ് പറയുന്നു.”ഞങ്ങളുടെ കുടുംബാംഗങ്ങൾ സുരക്ഷിതരായി തുടരണമെന്നാണ് ഈ അവസരത്തിൽ പ്രാർത്ഥിക്കുന്നത്. ഗ്രാമപ്രദേശത്താണ് എന്റെ കുടുംബം താമസിക്കുന്നത്. അവരുമായി ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. അതിൽ വളരെ അധികം ആശങ്കയുണ്ട്.
യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാരും സഹപാഠികളുമെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. ഇത് വളരെ അധികം ആശ്വാസം നൽകുന്ന കാര്യമാണ്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ബംഗ്ലാദേശിന് നൽകിയ പിന്തുണയ്‌ക്ക് ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുകയാണ്. ഈ വിഷയത്തിൽ ഇന്ത്യയിലെ സർക്കാരിനെ ചിലർ വിമർശിക്കുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു. കാരണം വിഷമകരമായ ഘട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശ് ജനതയ്‌ക്കൊപ്പം നിൽക്കുകയാണ് ചെയ്തതെന്നും” പായൽ പറയുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയതിലൂടെ ഇന്ത്യയിലെ സർക്കാർ ബംഗ്ലാദേശിനോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് സാമൂഹിക പ്രവർത്തകനായ ആമിർ ഖുറേഷി പറയുന്നു. യഥാർത്ഥ സുഹൃത്ത് എങ്ങനെയായിരിക്കണമെന്നാണ് ഇതിലൂടെ വ്യക്തമായതെന്നും ആമിർ പറയുന്നു. 1971ലെ യുദ്ധത്തിന്റെ കണക്കുകൾ തീർക്കാൻ പാകിസ്താൻ ബംഗ്ലാദേശിലെ സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് സാമൂഹിക പ്രവർത്തകനായ വിശാൽ ശർമ്മ പറയുന്നു. മുസ്ലീം ഭൂരിപക്ഷ രാഷ്‌ട്രമായ പാകിസ്താൻ തന്നെ ബംഗ്ലാദേശിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിശാൽ ആരോപിച്ചു.