തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിശദമായ കത്ത് കേരളം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ ഇതുവരെ 225 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 195 ശരീരഭാഗങ്ങളും കണ്ടെത്തി. ശരീരഭാഗങ്ങളിൽ 90 ശതമാനമുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കും. 420 പോസ്റ്റ്മോർട്ടങ്ങളാണ് ഇതുവരെ നടത്തിയത്. ഇത് ശരീരഭാദഗങ്ങൾ ഉൾപ്പടെ ചേർത്തിട്ടുള്ള കണക്കാണ്. തിരച്ചിൽ ഇതുവരെയും അവസാനിപ്പിച്ചിട്ടില്ല. നാളെ ജനകീയ തിരച്ചിൽ നടത്തും. ആരെയെങ്കിലും കണ്ടാത്താനാകുമോയെന്ന് അറിയാനുള്ള അവസാന ശ്രമമാണിത്. ക്യാമ്പിൽ കഴിയുന്നവരെയും ഒപ്പം ചേർക്കും. കാണാതായവരുടെ ബന്ധുക്കൾക്കും തിരച്ചിലിൽ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് എത്തിയ കര, നാവിക സേനാംഗങ്ങളിൽ ഒരു വിഭാഗം മടങ്ങി. മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവർക്ക് യാത്രയയപ്പ് നൽകിയത്. കാര്യക്ഷമമായ തിരച്ചിലിന് ശേഷമാണ് സൈന്യം മടങ്ങുന്നതെന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു. ക്യാമ്പിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുകയാണ്. 91 സർക്കാർ കോട്ടേഴ്സുകൾ പുനരധിവാസത്തിന് മാറ്റിവച്ചതായും സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.