തിരുവനന്തപുരം: വിവാദമൊഴിയാതെ മുഖ്യമന്ത്രിയും മന്ത്രിസഭയുടെ നവകേരള സദസും. 36 ദിവസം നീണ്ടുനിന്ന നവകേരള സദസിന്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി സംസ്ഥാന സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയെന്ന് റിപ്പോർട്ട്. സർക്കാർ അച്ചടി സ്ഥാപനമായ സി ആപ്റ്റാണ് അച്ചടി നിർവഹിച്ചത്.
കഴിഞ്ഞ മെയ് മാസത്തിൽ 1.68 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു പിണറായി സർക്കാരിൻറെ നവകേരള സദസ്. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ വിവാദങ്ങളൊഴിയാതെയാണ് നവകേരള സദസ് നടന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒന്നരക്കോടി ചെലവിട്ട് പുതിയ ബസ് വാങ്ങിയതും ചർച്ചകൾക്ക് വഴിവച്ചിരുന്നു.
പിന്നാലെ നവകേരള സദസിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ 35 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഒരു കിലോമീറ്റർ യാത്രയ്‌ക്ക് 15 രൂപ ടി എയും ഒരു ദിവസത്തെ താമസത്തിന് 1000 രൂപ പ്രത്യേക അലവൻസും അനുവദിച്ചിരുന്നു.















