കൊച്ചി: നടൻ മോഹൻലാലിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച യൂട്യൂബർ ‘ചെകുത്താനെ’ കസ്റ്റഡിയിലെടുത്ത നടപടി സ്വാഗതം ചെയ്യുന്നതായി ‘അമ്മ’ ജനറൽ സെകട്ടറി സിദ്ദിഖ്. ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായാണ് മോഹൻലാൽ വയനാടിൽ പോയത്. വയനാടിന്റെ പുനരധിവാസത്തിനായി വലിയ സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതുന്നത് അംഗികരിക്കാനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.
യൂട്യൂബർക്കെതിരെ സിദ്ദിഖ് നൽകിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്. താരസംഘടന ‘അമ്മ’യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന മെഗാഷോയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസത്തിനായി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് ആണ് പൊലീസ് കസ്റ്റഡിയിലായത്. യൂട്യൂബറായ ഇയാൾ ‘ചെകുത്താൻ’ എന്നാണ് അറിയപ്പെടുന്നത്.















