പരിശീലകൻ ആശിഷ് നെഹ്റയുമായി വഴിപിരിയാൻ ഐപിഎൽ മുൻചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. പരിശീലക സംഘത്തിലും കാര്യമായ ഉടച്ചുവാർക്കലുണ്ടാകും. ഇതിന്റെ ഭാഗമായാണ് പരിശീലകനെ പുറത്താക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രിക്ബസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022-ലാണ് നെഹ്റ ടൈറ്റൻസിന്റെ മുഖ്യ പരിശീലകനായി ചുമതയേൽക്കുന്നത്. ആദ്യ സീസണിൽ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാനും രണ്ടാമത്തെ സീസണിൽ രണ്ടാം സ്ഥാനക്കാരാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വിക്രം സൊളങ്കിയാണ് ടീമിന്റെ ഡയറക്ടർ. ഗ്യാരി കിർസ്റ്റൺ ആണ് മെന്ററും ബാറ്റിംഗ് പരിശീലകനും. എന്നാൽ അദ്ദേഹം പാകിസ്താൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. വരുന്ന സീസണ് മുന്നോടിയായി ഈ ചുമതലകളിലും പുതിയ ആൾക്കാർ വന്നേക്കും.പോയ വർഷം നെഹ്റയുടെ പരിശീലന രീതി ടീമിൽ ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കൂടാതെ ടീമിന്റെ ഉടമകൾ മാറുന്നതായും സൂചനകൾ പുറത്തുവന്നിരുന്നു. ഇതും പരിശീലക സംഘത്തിന്റെ നവീകരണത്തിന് കാരണമാകും. അദാനി ഗ്രൂപ്പോ ടോറൻഡ് ഫാർമയോ ടീമിന്റെ ഉടമകളാകുമെന്നാണ് റിപ്പോർട്ടുകൾ. സിവിസി ക്യാപിറ്റൽസിൽ നിന്ന് മേജർ ഓഹരികളും ഇവരിൽ ആരെങ്കിലും സ്വന്തമാക്കിയേക്കും. എന്നാൽ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.