വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തങ്ങൾ ലഘൂകരിക്കുന്നതിന് ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ നടപ്പാക്കണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട നിലപാടിൽ കോൺഗ്രസിൽ ഭിന്നതയില്ല. യുഡിഎഫ് ചർച്ച ചെയ്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ തീരുമാനിച്ചതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് എംപിമാരോടും എംഎൽഎമാരോടും പണം നൽകാൻ നിർദേശിച്ചത്. എല്ലാ വികസന പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ പ്രധാന ഘടകമായി പരിസ്ഥിതിയെ പരിഗണിക്കണം. അതുകൊണ്ടാണ് സർക്കാരിന്റെ കെ റെയിൽ പോലുള്ള പല പദ്ധതികളും എതിർത്തത്. യുഡിഎഫ് വികസനത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.