വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജിയിൽ വിധി പ്രസ്താവം ഇന്നത്തേക്ക് (ഞായറാഴ്ച) മാറ്റി. ഇന്ത്യൻ സമയം രാത്രി 9.30 നകമായിരിക്കും അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതി വിധി പറയുക. ജഡ്ജി ഡോ.അന്നബെല്ലെ ബെന്നറ്റാണ് തീരുമാനം അറിയിക്കുന്നത് ഒരുദിവസം കൂടി നീട്ടിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും ഇത് മാറ്റിവയ്‌ക്കുകയായിരുന്നു. നാളെയാണ് പാരിസ് ഒളിമ്പിക്സിന് തിരശീല വീഴുക. അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയുണ്ടാകുക.
പരിസ് ഒളിംപിക്സിൽ ഫൈനലിന് മണിക്കൂറുകൾക്ക് മുന്നേയാണ് ഇന്ത്യൻ താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫൈനലിന് മുൻപ് നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തിയതോടെ അയോഗ്യയാക്കുകയായിരുന്നു.