ന്യൂഡൽഹി: സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് എക്സിൽ പങ്കുവച്ച മൂന്ന് പേജ് പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. രാജ്യം വിട്ടതിന് ശേഷമുള്ള ഷെയ്ഖ് ഹസീനയുടെ ആദ്യപ്രതികരണമാണിത്.
നിഷ്കരുണമാണ് തന്റെ പിതാവിന്റെ പ്രതിമ അക്രമികൾ തച്ചുടച്ചത്. നിരപരാധികളായ നിരവധി പേർ കൊല്ലപ്പെട്ടു. തന്റെ വീടും സ്ഥലവും കലാപകാരികൾ കൊള്ളയടിച്ചു. ഇതിനെല്ലാം തനിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജിബുർ റഹ്മാൻ കൊല്ലപ്പെട്ടത്. പിതാവിന്റെ മരണത്തോടെ തനിക്ക് ബന്ധുക്കളെയും നഷ്ടപ്പെട്ടിരുന്നുവെന്നും ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പറയുന്നു.
മുജിബുർ റഹ്മാന്റെ അനുസ്മരണ ദിനം മാന്യമായി നടത്തണമെന്നു അവർ അഭ്യർത്ഥിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
” എന്നെ പോലെ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. കലാപകാരികൾ ബംഗ്ലാദേശിനെ കലുഷിതമാക്കി, വിദ്യാർത്ഥികൾക്കും മറ്റ് പാവപ്പെട്ടവർക്കും അവരുടെ ജീവനും ഉറ്റവരെയും നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എന്റെ പിതാവിന്റെ ശില പോലും കലാപകാരികൾ തകർത്തു. എനിക്ക് നീതി കിട്ടണം.”- ഷെയ്ഖ് ഹസീന പറഞ്ഞു.