തിരുവനന്തപുരം: മനുഷ്യക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കേസ് ഏറ്റെടുത്ത് 30 ദിവസത്തിനകമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ മധുവിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗിക്കുന്നതിനിടെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം നടത്തുന്നത്. സ്വീകർത്താക്കളുടെ വിവരങ്ങൾ കൈമാറിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും എൻഐഎ അറിയിച്ചു.
തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിൽ ആദ്യം പിടിയിലാകുന്നത്. മുംബൈയിൽ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്.
കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടിലാണ് സാബിത്ത് പ്രവർത്തിച്ചിരുന്നത്. വൃക്ക നൽകാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു സാബിത്തിന്റെ ജോലി. വ്യാജരേഖകൾ തയ്യാറാക്കിയും പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇയാൾ ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയിരുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.