പൊതുഫലം
ചോതി നക്ഷത്രക്കാർക്ക് ഈ വർഷം, ആരംഭത്തിൽ പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശത്തിൽ കൊട്ടിക്കേറുന്ന ആഘോഷം ആയിരിക്കും. തുടക്കത്തിൽ ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം, സർവ്വകാര്യതടസം, വേണ്ടപ്പെട്ടവർക്ക് ബലി, രോഗാദിദുരിതം തുടങ്ങി, ഭാര്യാവിരഹം വരെ പ്രതീക്ഷിക്കാം. എന്നാൽ അഷ്ടമത്തിലെ വ്യാഴം മാറുന്നതോടെ സ്വപ്നതുല്യമായ വമ്പൻ സാദ്ധ്യതകൾ മുന്നിൽ പ്രത്യക്ഷപ്പെടും. പുതിയ വീട്, വാഹനം, തൊഴിൽ ഒക്കെ ഉണ്ടാകും. ഈ വർഷം യാത്രകളിൽ സൂക്ഷിക്കേണ്ടതുണ്ട്. അന്യസ്ത്രീബന്ധങ്ങൾ ബന്ധനങ്ങൾ ആയി ഭവിക്കും.
ചിങ്ങം
വ്യാപാരം/ബിസിനെസ്സ് എന്നിവയിൽ പുരോഗതി ദൃശ്യമാകും. ധന-ഭാഗ്യയോഗം, ആരോഗ്യ വർദ്ധനവ് എന്നിവ ഉണ്ടാകും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും.
കന്നി
സന്താനഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ എന്നിവ ഉണ്ടാകും. കൃഷിസംബന്ധമായ ബിസിനസ് നടത്തുന്നവർക്ക് വൻ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. അമിതമായ ആഡംബരത്വം വർദ്ധിക്കും.
തുലാം
നിർബന്ധ ബുദ്ധി കൂടും. രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വീണ്ടെടുക്കും. സർവ്വസുഖാനുഭവങ്ങൾ, വിലപ്പെട്ട അലങ്കാരവസ്തുക്കളുടെ ലഭ്യത, വിദ്യാ പുരോഗതി എന്നിവ ഉണ്ടാകും. നേത്രസംബന്ധമായി അസുഖം ഉള്ളവർ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി പരിഹാരം ചെയ്യാത്ത പക്ഷം പിതാവിന് ക്ലേശകരമായ സമയമായിരിക്കും.
വൃശ്ചികം
വിശേഷപ്പെട്ട വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം ആദരവ് നേടാനുമുള്ള അവസരം വന്നുചേരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. ചിലർക്ക് അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. തലവേദന ശിരോ, ത്വക്ക് രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
ധനു
മാർക്കറ്റിംഗ്, കസ്റ്റമർ കെയർ, മറ്റ് സെയിൽസ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വളരെയധികം ഗുണാനുഭവങ്ങൾ സമയമാണ്. ധനം-ഭൂമി ലാഭം, ശത്രുനാശം എന്നിവ ഉണ്ടാകും ചിലർക്ക് ചില കേസ് വഴക്കുകൾ ഉണ്ടാകുമെങ്കിലും ദൈവാധീനത്താൽ അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും.
മകരം
ജീവിതത്തിൽ വിലപ്പെട്ട ചില സമ്മാനങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. മാതാവിന് മാതൃ ബന്ധുക്കൾക്കോ കഷ്ടതയും അരിഷ്ടതയും ഉണ്ടാകാം. ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും ഇടയ്‌ക്കിടെ തൊഴിൽ ക്ലേശങ്ങളും വരുമാനക്കുറവും അനുഭവപ്പെടും.
കുംഭം
സ്വന്തമായി വീട് എന്ന ആഗ്രഹം . സഫലീകരിക്കാൻ സാധിക്കും. ഭൂമി ലാഭം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. മാനസികമായി ചില പ്രയാസങ്ങൾ നേരിടേണ്ട സാഹചര്യം. സഹോദര സ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും മോശമായ പെരുമാറ്റങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള അവസരം വന്നുചേരും.
മീനം
അടുത്ത ബന്ധുക്കൾ വേണ്ടപ്പെട്ടവർ ഇവരിൽ നിന്നും അവഹേളനം നേരിടേണ്ട അവസ്ഥ ഉണ്ടാകുമെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അന്യ ജനങ്ങളിൽ നിന്നും പ്രശംസ നേടിയെടുക്കുവാൻ സാധിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാത്ത അവസ്ഥ തിരിച്ചടി നൽകും. കേസു വഴക്കുകൾ ഉണ്ടാവാതെ സൂക്ഷിക്കുക.
മേടം
കുടുംബ സുഖക്കുറവ്, ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം, ഉദരരോഗം, അർശ്ശസ് എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട് ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം, കേസ് വഴക്കുകൾ എന്നിവ ഉണ്ടാകാം. വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് വിദേശയാത്ര വാസം എന്നിവ അനുഭവത്തിൽ വരും. ചിലർക്ക് ബുധൻ നിൽക്കുന്ന സ്ഥാനം അനുസരിച്ച് തൊഴിൽ ലാഭമോ നഷ്ടമോ ഉണ്ടാകാം.
മേടവിഷു സംക്രമഫലമായി ബിസിനസ്സിൽ ഏതെങ്കിലും കരാർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക ധനനഷ്ടം വരാം .
ഇടവം
നിശ്ചയിച്ചിരുന്ന വിവാഹം മാറിപ്പോവുക, കോടതി കേസ് വഴക്കുകൾ വരാൻ സാധ്യത, ബന്ധുജനങ്ങളുമായി കലഹം, ഭാര്യസുഖക്കുറവ്, അലസത, അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ധനക്ലേശം എന്നാൽ ചില അവസരങ്ങളിൽ ധനലാഭം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് .
മിഥുനം
നിനച്ചിരിക്കാത്ത നേരത്ത് ആപത്ത്, രോഗം എന്നിവ വരുവാൻ സാധ്യതയുണ്ട്. ജീവിതപങ്കാളിക്കോ ബന്ധുജ ജനങ്ങൾക്കോ വിരഹം ഉണ്ടാവാം. ധന സംബന്ധമായ കേസ് വഴക്കുകൾ വരുവാൻ സാധ്യതയുണ്ട്. ഈശ്വര വിശ്വാസം കുറയും. ഉദരരോഗം, നേത്രരോഗം, അന്യസ്ത്രീ താൽപര്യം എന്നിവ ഉണ്ടാവും.
കർക്കടകം
കലാസാംസ്കാരികം രാഷ്‌ട്രീയം എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം പ്രശംസയും അംഗീകാരവും പദവിയും സാമ്പത്തികവും വരുന്ന സമയമാണ്. ഈശ്വരവിശ്വാസങ്ങളിലും ആചാരങ്ങളിലും വിശ്വാസം വർധിക്കുകയും ചില പ്രധാനപ്പെട്ട ആരാധന കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യും
വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2
വാഹന ഭാഗ്യം, പുതിയ വീട്, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, പുത്ര ഭാഗ്യം, ഭാര്യ സുഖം എന്നിവ ലഭിക്കും. പുതിയ ചില ബിസിനെസ്സിൽ കരാറിന് ധാരണയാകും.
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
ശരീരസുഖം, ധനവർദ്ധനവ്, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ശത്രു ഹാനി, കുടുംബ സുഖം എന്നിവ ഉണ്ടാകും ജാതകത്തിൽ ശനി ബലമില്ലാതെ നിൽക്കുന്നവർക്ക് കേസ് വഴക്കുകൾ, സ്വത്ത് തർക്കം, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സന്താന വിരഹം, വ്യപഹാര പരാജയം എന്നിവയും 2025 ലെ ശനിയുടെ രാശി മാറ്റ ഫലമായി തൊഴിൽവിജയം, ശത്രുഹാനി, ആരോഗ്യം. ധനനേട്ടം എന്നിവ ഉണ്ടാവും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
പല ശ്രോതസിൽ നിന്നും പണം വരും. ബിസിനസ്സുകാർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. ഉദര സംബന്ധമായും ചെവിയുടെ അകത്തുള്ള പാടയ്‌ക്ക് പ്രശ്നം ഉണ്ടാവാനും സാധ്യത ഉണ്ട്
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
കേതുവിന്റെ അപഹാരം നടക്കുന്നവരും ജാതകത്തിൽ ശനി ബലമില്ലാത്ത വരും പരിഹാരം ചെയ്താൽ വരുന്ന വർഷം വളരെയധികം ഗുണം ഉണ്ടാകും. ആദിത്യ, ശനി, കേതു അപഹാരങ്ങൾ നടക്കുന്നവരും പരിഹാരം നോക്കണം. വെള്ളിയും ചോതിയും വന്നാൽ ദേവി ക്ഷേത്രത്തിൽ പോകുക. ചോതി, ചതയം, തിരുവാതിര നക്ഷത്രങ്ങളുടെ ദിനത്തിൽ ക്ഷേത്രദർശനം നടത്തുക. രാഹുവിനെയും, ശുക്രനെയും, സർപ്പങ്ങളെയും പ്രീതിപെടുത്തുക. വെള്ള, കറുപ്പ്, ഇളം നീല നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുക. നിത്യവും ഹനുമാൻ ചാലിസ ചൊല്ലുക. ലക്ഷ്‌മി ദേവിയെയും അന്നപൂർണിയെയും ആരാധിക്കുക. ഭക്ഷണത്തിൽ പോത്ത്, എരുമ, പശു ഒക്കെയും ഒഴിവാക്കുക.
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം……
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V















