ന്യൂഡൽഹി: 2047 ഓടെ വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്നത്തിനൊപ്പം സൈന്യത്തിൽ വരുത്തേണ്ട മാറ്റങ്ങളും സൈന്യം കൈവരിക്കേണ്ട നേട്ടങ്ങളും വിലയിരുത്താനും ചർച്ച ചെയ്യാനും ഡൽഹിയിൽ ഉന്നതതല സൈനിക യോഗം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് യോഗം. ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേന മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉന്നതതല യോഗമാണിത്.
കഴിഞ്ഞ ജൂൺ 30 നാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി ചുമതലയേറ്റത്. സൈന്യത്തിന്റെ ഭാവി പദ്ധതികൾക്ക് രൂപം നൽകുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഏഴ് സൈനിക കമാൻഡുകളുടെ കമാൻഡിംഗ് ഇൻ ചീഫുമാർ ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു. വികസിത ഭാരതത്തിലേക്കുളള യാത്രയിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൈവരിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചുമായിരുന്നു തിങ്കളാഴ്ച ആരംഭിച്ച യോഗത്തിലെ പ്രാഥമിക ചർച്ചകൾ.
യുദ്ധ സാമഗ്രികൾ വികസിപ്പിക്കുക മാത്രമല്ല, അത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും വേണ്ടി പ്രവർത്തിക്കണം. രാജ്യത്തിന്റെ പ്രതിരോധ വ്യവസായ രംഗത്തെ പിന്തുണക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ സൈനികമേഖലയിൽ വരുത്തേണ്ട പരിവർത്തനമാണ് പ്രധാന ചർച്ച. വികസിത ഭാരതത്തിനായി നിലവിൽ സൈന്യം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളും യോഗം വിലയിരുത്തി. സാങ്കേതിക വിദ്യയിലും നൂതന സംവിധാനങ്ങളിലും ഊന്നി സൈന്യത്തെ എങ്ങനെ ഭാവിയിൽ സ്വയംപര്യാപ്ത സേനയാക്കി മാറ്റാമെന്നതും യോഗത്തിൽ ചർച്ചയാകും. വിവിധ ഓപ്പറേഷനുകളിലൂടെ ബഹുമുഖ സാഹചര്യങ്ങളിൽ യുദ്ധമുഖങ്ങളിൽ എങ്ങനെ വിജയിക്കാമെന്നും ശത്രുസേനകളെ എങ്ങനെ പ്രതിരോധിക്കാമെന്നും യോഗത്തിൽ വിലയിരുത്തി.
സേനാവിന്യാസവും മേഖലാ ആസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയവും ഉൾപ്പെടെയുളള കാര്യങ്ങളും ചർച്ചയായി. എല്ലാ റാങ്കുകളിലുമുളള സൈനികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പുതിയ സംരംഭങ്ങളും പദ്ധതികളും രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളിൽ സൈന്യത്തിന്റെ സംഭാവനകൾ ഉയർത്തുന്നതും സൈനിക വിദ്യാഭ്യാസവും കൂടിയാലോചനകളിൽ വിഷയങ്ങളാകും.