കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കൊലപാതകവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കൊൽക്കത്ത വിഷയം ചോദിച്ച് തന്റെ ശ്രദ്ധ തിരിക്കരുതെന്ന് രാഹുൽ പറഞ്ഞത്.
റായ്ബറേലിയിൽ വെടിയേറ്റ് മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം. ” ഞാൻ റായ്ബറേലിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നതാണ്. ആരും ഈ സംഭവം ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. ഈ ചോദ്യത്തിലൂടെ നിങ്ങളെല്ലാവരും എന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ദളിതരുടെ ശബ്ദം ഉയർന്ന് വരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ദളിത് വിഭാഗത്തിലുള്ള ആളുകളെ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ മറ്റൊരു രീതിയിലുള്ള സംസാരത്തിനും ആഗ്രഹിക്കുന്നില്ല. കൊൽക്കത്തയിലെ കേസിനെ കുറിച്ച് വരും ദിവസങ്ങളിൽ സംസാരിക്കാമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. ” ആർജി കാർ മെഡിക്കൽ കോളേജിലെ സംഭവത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ആ വിഷയത്തെക്കുറിച്ച് തന്നോട് ചോദിക്കരുത് എന്നാണ് രാഹുൽ പറയുന്നത്. ഇത് ശ്രദ്ധ തിരിക്കാൻ വേണ്ടി ഉന്നയിക്കുന്ന ചോദ്യമാണെന്ന് രാഹുൽ പറയുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സുപ്രീംകോടതിയും ഇത് പോലെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണോ? അദ്ദേഹം എന്ത് അർത്ഥത്തിലാണ് അങ്ങനെ പറയുന്നത്
ഉത്തർപ്രദേശിലോ മദ്ധ്യപ്രദേശിലോ ഒരു പ്രശ്‌നമുണ്ടായാൽ രാഹുൽ ഉടനെ അവിടെ എത്തും. എന്നാൽ ഭരണഘടന പോലും ലംഘിക്കപ്പെടുന്ന ബംഗാളിന്റെ കാര്യമെത്തുമ്പോൾ രാഹുൽ അവിടേക്ക് പോകാൻ തയ്യാറാകുന്നില്ല. ഇൻഡി സഖ്യത്തിന്റെ ഭാഗമായ തൃണമൂലിനെ കുറിച്ച് രാഹുൽ ഒരക്ഷരം പോലും മിണ്ടില്ല. ബംഗാളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയയേും അവർക്ക് വേണ്ടി പോരാടാൻ ഇറങ്ങിയ ഓരോരുത്തരേയുമാണ് രാഹുൽ അപമാനിച്ചിരിക്കുന്നതെന്നും” ഷെഹ്‌സാദ് പൂനാവല്ല വിമർശനം ഉന്നയിച്ചു.















