തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിദ് തംസും ചെന്നൈയിലെത്തിയെന്ന് സൂചന. ചെന്നൈയിൽ ട്രെയിനിറങ്ങിയ കുട്ടി ഗുവാഹത്തി ട്രെയിനിലേക്ക് കയറിയെന്നും റിപ്പോർട്ടുണ്ട്. കുട്ടി അസമിലെ കുടുംബ വീട് ലക്ഷ്യമിട്ടാണ് യാത്ര ചെയ്യുന്നതെന്നാണ് പൊലീസിന്റെയും കുടുംബത്തിന്റെയും നിഗമനം.
വീട് വിട്ടിറങ്ങുമ്പോൾ 50 രൂപ മാത്രമാണ് കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. കന്യാകുമാരി സ്റ്റേഷനിലും നാഗർകോവിൽ സ്റ്റേഷനിലും ഇറങ്ങി കുട്ടി വെള്ളമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയ്ക്കാണ് പെൺകുട്ടി നാഗർകോവിൽ പ്ലാറ്റ്ഫോമിൽ ഇറങ്ങിയത്. തുടർന്ന് വെള്ളമെടുത്ത ശേഷം ട്രെയിനിലേക്ക് തിരികെ കയറുകയായിരുന്നു.
ബബിത എന്ന യാത്രക്കാരി എടുത്ത ചിത്രമാണ് കേസന്വേഷണത്തിന് നിർണായകമായത്. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാവിലെ 9:30 ഓടെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. പെൺകുട്ടിക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.