മട്ടന്നൂർ: രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി രാഖി കെട്ടിയതിന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ. മട്ടന്നൂർ പോളിടെക്നിക്കിലായിരുന്നു സംഭവം. രാഖി കെട്ടിയത് ചോദ്യം ചെയ്യുകയും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളുടെ രാഖികൾ നശിപ്പിക്കുകയും ചെയ്തു.
എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിന് ഇടതുപക്ഷ അദ്ധ്യാപകരും ഒത്താശ ചെയ്തിരുന്നതായി എബിവിപി കേന്ദ്രപ്രവർത്തക സമിതി അംഗം എൻസിടി ശ്രീഹരി ആരോപിച്ചു. എസ്എഫ്ഐ അക്രമിക്കുമ്പോൾ ഇടതുപക്ഷ അദ്ധ്യാപകർ അതിന് അവസരമൊരുക്കി നൽകി. ഒടുവിൽ എബിവിപി വിദ്യാർത്ഥികൾ ചെറുത്തുനിന്നതോടെ അദ്ധ്യാപകർ ഇറങ്ങി എസ്എഫ്ഐ വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചുവെന്നും എൻസിടി ശ്രീഹരി ചൂണ്ടിക്കാട്ടി.
എസ്എഫ്ഐ അക്രമം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപെടുത്താനായി പോളിയിൽ എത്തിയ ശ്രീഹരി ഉൾപ്പടെയുള്ള എബിവിപി കാര്യകർത്താക്കൾക്ക് നേരെയും എസ്എഫ്ഐക്കാർ കയ്യേറ്റശ്രമം നടത്തി. അക്രമം തീർത്തും അപലപനീയമാണ്. പ്രവർത്തകരെ അക്രമിച്ച് പോളിയിലെ എബിവിപി പ്രവർത്തനം അവസാനിപ്പിക്കാമെന്നത് എസ്എഫ്ഐ – ഡിവൈഎഫ്ഐ ഗുണ്ടകളുടെ വ്യാമോഹം മാത്രമാണെന്ന് എബിവിപി പറഞ്ഞു.
ഇതിനെതിരെ ജില്ലയിലെ കാമ്പസുകളിൽ എബിവിപി ശക്തമായി പ്രതിഷേധിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി അശ്വിൻ പി സതീഷ് പ്രസ്താവനയിലൂടെ അറിയിച്ചു. കോളേജുകളിലെ സാമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം അക്രമ സംഭവങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തി തള്ളിക്കളയും. എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ക്യാമ്പസുകളിൽ വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്.