ശ്രീനഗർ: ജമ്മു – കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്‌ക്ക് മത്സരിക്കാതെ കോൺഗ്രസ്. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കശ്മീരിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യത്തിന് ധാരണയായതെന്ന് ഫറൂഖ് അബ്ദുളള പറഞ്ഞു.
സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികളുടെ സഹകരണം കോൺഗ്രസ് തേടുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 പാർട്ടികൾ ചേർന്ന ഇൻഡി മുന്നണിയുടെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് മത്സരിച്ചത്. കശ്മീരിലെ 90 സീറ്റുകളിലും സഖ്യമുണ്ടാകുമെന്ന് ഫറൂഖ് അബ്ദുളള പറഞ്ഞു. സഖ്യത്തിന്റെ വിശദാംശങ്ങൾ വൈകിട്ടോടെ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫറൂഖ് അബ്ദുളളയുടെ ശ്രീനഗറിലെ വസതിയിലെത്തിയാണ് അദ്ദേഹവുമായും പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുളളയുമായും രാഹുലും ഖാർഗെയും കൂടിക്കാഴ്ച നടത്തിയത്. സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു. ഇതിന് ശേഷം ശ്രീനഗറിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തെയും രാഹുൽ അഭിസംബോധന ചെയ്തു.
ബിജെപി കശ്മീരിൽ ഒറ്റയ്‌ക്കാകും ജനവിധി തേടുകയന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.















