കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയ് സംഭവത്തിന് ഒരു ദിവസം മുൻപും കൊല്ലപ്പെട്ട ഡോക്ടറെ പിന്തുടർന്നതായി റിപ്പോർട്ട്. ഈ മാസം ഒൻപതാം തിയതിയാണ് കൊലപാതകം നടന്നത്. ഇതിന് ഒരു ദിവസം മുൻപ് എട്ടാം തിയതി, കൊല്ലപ്പെട്ട പെൺകുട്ടിയെ ചെസ്റ്റ് മെഡിസിൻ വാർഡിൽ വച്ച് താൻ പിന്തുടർന്നിരുന്നുവെന്നാണ് ഇയാൾ കൊൽക്കത്ത പൊലീസിന് മൊഴി നൽകിയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. 33കാരനായ പ്രതി കൊല്ലപ്പെട്ട ഡോക്ടറേയും മറ്റ് നാല് ജൂനിയർ ഡോക്ടർമാരേയും തുറിച്ച് നോക്കി ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒൻപതാം തിയതി പുലർച്ചെ ഒരു മണിയോടെയാണ് പെൺകുട്ടി സെമിനാർ ഹാളിലേക്ക് വിശ്രമിക്കാനായി എത്തുന്നത്. ജൂനിയർ ഡോക്ടർ പുലർച്ചെ 2.30ന് ഇവരോട് സംസാരിച്ചിട്ടുണ്ട്. ഇരുവരും സംസാരിച്ചതിന് ശേഷം ഈ പെൺകുട്ടി വീണ്ടും ഉറങ്ങാനായി കിടന്നു.
പിറ്റേന്ന് പുലർച്ചെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നാല് മണിയോടെ സഞ്ജയ് റോയ് ഈ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം സഞ്ജയ് റോയിക്ക് നുണ പരിശോധന നടത്താൻ സിബിഐ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. പ്രതി കടുത്ത മനോവൈകൃതങ്ങൾ പ്രകടിപ്പിക്കുന്ന ആളാണെന്നും, അശ്ലീല ചിത്രങ്ങൾക്ക് അടിമയാണെന്നും സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.
ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ പോലും പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ യാതൊരു ആശങ്കയും കാണിക്കാത്ത ഇയാൾ കുറ്റകൃത്യത്തിലെ ഓരോ സംഭവങ്ങളും വളരെ വ്യക്തമായി തന്നെ ഉദ്യോഗസ്ഥർ മുന്നിൽ വിവരിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് നിന്ന് കണ്ടെടുത്ത ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും സിസിടിവി ദൃശ്യങ്ങളും പ്രതിക്ക് എതിരെയുള്ള നിർണായക തെളിവുകളാണ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് ക്രൂരമായ ബലാത്സംഗത്തിനാണ് പെൺകുട്ടി ഇരയായത്. ശരീരത്തിനകത്തും പുറത്തുമായി 25ഓളം ഗുരുതരമായ മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.