ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. നഗര വാർഷികാഘോഷങ്ങൾക്കിടെയാണ് ആക്രമണം. അജ്ഞാത അക്രമിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അക്രമി ഒറ്റയ്‌ക്കാണ് നഗരത്തിലെത്തിയതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഇയാൾ ഓടിയൊളിച്ചെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളികളഞ്ഞിട്ടില്ല.
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബഹങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും ആക്രമണമുണ്ടായത് വേദനജനകമാണെന്നും സോളിംഗൻ മേയർ ടിം-ഒലിവർ കുർസ്ബാച്ച് പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സംഗീതനിശയ്ക്കിടയാണ് ആക്രമണമുണ്ടായത്.















