ലക്നൗ: അയോദ്ധ്യയിൽ വികസനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. സംഭവത്തിൽ അയോദ്ധ്യ സ്വദേശിയായ അർഷാദ് എന്ന യുവാവിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ദേഹത്തേക്ക് ചൂടുള്ള പയർ എറിഞ്ഞുവെന്നും യുവതി ആരോപിക്കുന്നു.
2023 ഡിസംബർ 13 നാണ് അർഷാദുമായി വിവാഹം കഴിച്ചതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ക്ലിപ്പിൽ, ബഹ്‌റൈച്ച് സ്വദേശിനിയായ മറിയം പറയുന്നു. വിവാഹത്തിന് ശേഷം നഗരത്തിലേക്ക് പോകുമ്പോൾ അയോദ്ധ്യധാമിലെ റോഡുകളും സൗന്ദര്യവൽക്കരണവും വികസനവും ഇഷ്ടപ്പെട്ട യുവതി ഇതിനുകാരണക്കാരായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭർത്താവിന് മുന്നിൽ പ്രശംസിച്ചു. ഇത് അർഷാദിനെ ദേഷ്യം പിടിപ്പിച്ചുവെന്നും അയാൾ യുവതിയെ ബഹ്‌റൈച്ചിലെ മാതൃ വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നും അവർ ആരോപിച്ചു
ചില ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന് മറിയം ഭർത്താവിനൊപ്പം താമസിക്കാൻ അയോദ്ധ്യയിലേക്ക് മടങ്ങി എത്തി. എന്നാൽ അർഷാദ് വീണ്ടും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുകയും യുവതിയെ മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുത്തലാഖ് ചൊല്ലിയ ദിവസം ഭർത്താവ് തന്നെ മർദ്ദിച്ചെന്നും അമ്മായിയമ്മയും അനുജത്തിയും സഹോദരീ സഹോദരന്മാരും ചേർന്ന് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും മറിയം ആരോപിച്ചു.
മറിയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർഷാദ് ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേർക്കെതിരെ കേസെടുത്തു. ആക്രമണം, അധിക്ഷേപം, ഭീഷണിപ്പെടുത്തൽ, സ്ത്രീധന നിരോധന നിയമം, മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.















