ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെ ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ 8 റാലികൾ നടത്തും. കശ്മീരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാക്കളായ രാം മാധവും ജി കിഷൻ റെഡ്ഡിയും ഇന്ന് കേന്ദ്രഭരണ പ്രദേശത്തെത്തും. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലേക്കുള്ള 40 മുതൽ 50 വരെ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിടുകയെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞതവണത്തെ പോലെ സഖ്യമില്ലാതെയാണ് ബിജെപി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സെപ്റ്റംബർ 18 ന് ആരംഭിച്ച് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും പാർട്ടി പിന്തുണ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ സുധ യാദവ്, ഇഖ്ബാൽ സിംഗ് ലാൽപുര, വാനതി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.















