ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അയച്ച കത്തിന് പ്രതികരണവുമായി കേന്ദ്രസർക്കാർ. ബലാത്സംഗക്കേസ് പ്രതികൾക്ക് അതിക്രൂരമായ ശിക്ഷ നൽകുന്ന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമത അയച്ച കത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയിരിക്കുന്നത്.
ലൈംഗിക പീഡനങ്ങൾ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്‌ക്ക് പശ്ചിമ ബംഗാളിൽ മാത്രം 123 അതിവേഗ കോടതികൾ കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇതിൽ 20 എണ്ണം എക്സ്ക്ലൂസീവ് പോക്സോ കോടതികളും 103 എണ്ണം അതിവേഗ കോടതികളുമാണ്. ഇവിടെ പോക്സോ കേസുകളും ബലാത്സംഗക്കേസുകളും പരിഗണിക്കും. എന്നാൽ ബംഗാളിന് അനുവദിച്ച കോടതികളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണെന്ന് മുഖ്യമന്ത്രി മമതയെ കേന്ദ്രസർക്കാർ ഓർമിപ്പിച്ചു.
കേന്ദ്രസർക്കാർ പുതിയതായി നടപ്പിലാക്കിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷാ നടപടികളാണ് നൽകുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി അന്നപൂർണാ ദേവി അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നു.
പീഡനക്കേസുകളുടെയും പോക്സോ കേസുകളുടെയും അതിവേഗ വിചാരണ പൂർത്തിയാക്കി കുറ്റക്കാർക്ക് ശിക്ഷ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ചെയ്യേണ്ട നടപടികൾ ഇനിയും ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലെ പൊരുൾ. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗക്കൊലപാതകത്തിന് പിന്നാലെ പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.















