ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്. 20കാരനായ യുവാവാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയത്. കാമുകിയുടെ കുടുംബാംഗങ്ങളിൽ രക്ഷപ്പെടാൻ വേണ്ടി അതിർത്തി കടന്നുവെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ജഗ്‌സി കോലി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിനായി ബിഎസ്എഫ് ഇയാളെ പൊലീസിന് കൈമാറി. കാമുകിയുടെ കുടുംബാംഗങ്ങൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അതിനാൽ ഓടി രക്ഷപ്പെട്ട് വരുന്നതിനിടെ അതിർത്തി കടന്നുവെന്നുമാണ് ഇയാൾ പറയുന്നതെന്ന് ബാർമർ എസ്പി നരേന്ദ്ര സിംഗ് മീണ പറഞ്ഞു. പാകിസ്താനിലെ തർപാർക്കൽ ജില്ലയിലാണ് ഇയാളുടെ കാമുകിയെന്നും, അവരെ കാണാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കണ്ടുവെന്നും പിടികൂടാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ജഗ്‌സി അവകാശപ്പെടുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും അത് നടന്നില്ലെന്നും ഇയാൾ പറഞ്ഞതായി എസ്പി കൂട്ടിച്ചേർത്തു. എന്നാൽ യുവാവിന്റെ വാദങ്ങൾ പൊലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ചോദ്യം ചെയ്യുന്നത് തുടരുമെന്നും നരേന്ദ്ര സിംഗ് മീണ വ്യക്തമാക്കി.















