കോട്ടയം: അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രവാസിയായ ഭാര്യ അറസ്റ്റിൽ. ഗുഢാലോചന കേസിലാണ് തവളപ്ലാക്കൽ സ്വദേശി മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റക്കര തെക്കേക്കുന്നേൽ രതീഷ് മാധവനെ (40) ആണ് ഇവരുടെ കാമുകൻ അകലക്കുന്നം സ്വദേശി എം.ജി ശ്രീജിത്ത് (27) അടിച്ചുകൊലപ്പെടുത്തിയത്. യുവതിയും കാമുകനും ചേർന്ന് നടത്തിയ ഗൂഢാലോചനയ്‌ക്ക് പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.
ശനിയാഴ്ച രാത്രിയാണ് രതീഷിനെ കൊലപ്പെടുത്തിയത്. മഞ്ജുവുമായുള്ള ബന്ധത്തിൽ ശ്രീജിത്തും രതീഷും പലതവണ ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രതീഷ് പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ ബന്ധം തുടരാനായിരുന്നു മഞ്ജുവിന്റെയും ശ്രീജിത്തിന്റെയും തീരുമാനം. ഇത് നാട്ടിൽ പ്രചരിച്ചതോടെ മഞ്ജു കുവൈറ്റിലെ ജോലി സ്ഥലത്തേക്ക് പോയി.
ശനിയാഴ്ച രാത്രി 10.30 ഓടെ ശ്രീജിത്ത് രതീഷിനെ കമ്പും വടിയും അടക്കം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. രതീഷ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതിയെ കുറവിലങ്ങാടിന് സമീപത്ത് നിന്നും രാത്രി തന്നെ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇതറിയാതെ യുവതി പ്രതിയുടെ മൊബൈലിലേക്ക് സന്ദേശങ്ങൾ അയക്കുകയായിരുന്നു.
കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിവരമടക്കം മഞ്ജു ശ്രീജിത്തിന് വാട്സ് ആപ്പ് ചെയ്തു. നാട്ടിലെത്തി സംസ്കാര ചടങ്ങിൽ പങ്കെടുത്തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിൽ ഇവർക്ക് ഭർത്താവിന്റെ വീട്ടിലേക്ക് കയറാനായിരുന്നില്ല. പിന്നീട് പാെലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.