തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് രാജിവക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും നിലപാട് അറിയിക്കുമെന്ന് സിപിഐ അറിയിച്ചു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.
മുകേഷിന്റെ രാജി ധാർമികമായി അനിവാര്യമാണെന്ന നിലപാടാണ് സിപിഐ മുന്നോട്ട് വയ്ക്കുന്നത്. ആനിരാജ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന സിപിഐ നേതാക്കളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് പാർട്ടി ഔദ്യോഗിക തീരുമാനത്തിലെത്തിയത്. മുകേഷ് മാറി നിൽക്കണമെന്നാണ് യോഗത്തിൽ ചേർന്ന ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം.
സിനിമയിലെ സ്ത്രീകളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. സർക്കാർ ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നും സംഭവത്തിൽ സിപിഐ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.