ഇടുക്കി: ചിന്നക്കനാലിൽ പരസ്പരം കൊമ്പുകോർത്ത് മുറിവാലനും ചക്കക്കൊമ്പനും. സിങ്കുകണ്ടം ഭാഗത്ത് വച്ചായിരുന്നു ഇരുവരുടെയും കൊമ്പുകോർക്കൽ. ഏറ്റുമുട്ടൽ മുറുകിയതോടെ മുറിവാലൻ ചക്കക്കൊമ്പന് മുന്നിൽ മുട്ടുമടക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു സംഭവം.
കൊമ്പുകോർക്കലിനിടയിൽ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. മുറിവുകൾ പഴുത്തതോടെ ഇന്നലെ രാത്രിയോടെ ആന ഗുരുതരാവസ്ഥയിലായതായി വനംവകുപ്പ് പറഞ്ഞു. നിലവിൽ ഇടുക്കി 60 ഏക്കർ ചോല ഭാഗത്ത് കിടപ്പിലാണ് മുറിവാലൻ. കാട്ടാനയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയ്‌ക്ക് ചികിത്സ ഉറപ്പുവരുത്തുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചിന്നക്കനാലിലെ സ്ഥിരപ്രശ്‌നക്കാരാണ് മുറിവാലനും ചക്കക്കൊമ്പനും. ചക്ക കൊതിയനായ ചക്കക്കൊമ്പൻ ഇടയ്‌ക്കിടെ ജനവാസ മേഖലകളിലിറങ്ങി നാശം വിതയ്‌ക്കാറുണ്ട്. ശാന്തൻപാറ, പൂപ്പാറ, സിങ്കുകണ്ടം മേഖലകളിലാണ് മുറിവാലൻ കൂടുതലായി നാശം വിതക്കുന്നത്.















