തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഈ വർഷം മിന്നു മണി, ആശാ ശോഭന, സജ്‌ന സജീവൻ എന്നീ മൂന്നു മിടുക്കികൾക്ക് അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ധാരാളമാണെന്ന് മോഹൻലാൽ പറഞ്ഞു. ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിന് സാധിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ കായികരംഗത്ത് സംസ്ഥാന സർക്കാർ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കേരള ക്രിക്കറ്റ് ലീഗ് ചാംപ്യന്മാർക്കുള്ള ട്രോഫി അനാവരണം ചെയ്ത് സംസാരിക്കവേ കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പങ്കാളിത്തത്തോടെയുള്ള നിക്ഷേപങ്ങൾ പതിന്മടങ്ങ് വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നതെന്നും കേരളത്തിന്റെ കായിക സമ്പദ്ഘടന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രിക്കറ്റിലും ഫുട്‌ബോളിലും പ്രൊഫഷണൽ ലീഗുകൾ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തിൽ വരിക. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെയായി കായികരംഗത്തിന്റെ സംഭാവന വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ ശക്തമായ സംഭവാനകൾ നൽകാൻ ക്രിക്കറ്റ് അസോസിയേഷന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹൻലാൽ നിർവഹിച്ചു. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, വനിതാ ക്രിക്കറ്റ് ഗുഡ്വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.