തിരുവനന്തപുരം: അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് ഭരണപക്ഷ എംഎൽഎ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 24 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ അതേക്കുറിച്ച് ശബ്ദിച്ചില്ല. കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.
സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങളെയും കള്ളക്കടത്ത് നടത്തുന്നവരെയും എഡിജിപി സംരക്ഷിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങളെ എസ്പി അടക്കമുള്ളവർ സംരക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും മാഫിയ പ്രവർത്തനങ്ങളും നടത്തുന്നു. കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ആരോപണമാണ് പിവി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങൾ ശരി വയ്‌ക്കുന്നതുകൊണ്ടാണോ മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ആരോപണങ്ങൾ തെറ്റാണെങ്കിൽ അൻവറിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ബിജെപി അദ്ധ്യക്ഷൻ ഉന്നയിച്ചു. മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ ചോർത്തുന്നത് രാജ്യദ്രോഹമാണ്. ഒരന്വേഷണത്തിന് ഉത്തരവിടാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. അൻവർ നടത്തിയത് വ്യാജപ്രചരണം ആണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും നാവ് അടങ്ങിപോയോ? സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമികത ഇല്ലെന്നും സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
എഡിജിപി എംആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കു നേരെയായിരുന്നു പിവി അൻവർ എംഎൽഎ ഗുരുതര ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വഹിക്കുന്ന ആഭ്യന്തരവകുപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഭരണപക്ഷ എംഎൽയുടെ ആരോപണങ്ങൾ.