കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് പ്രതി പിടിയിലാകുന്നത്. മംഗളൂരുവിൽ നിന്നാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു വന്നത്.
ശനിയാഴ്‌ച്ച രാത്രി 7:30 ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ്സ് കാസർകോട് എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് ഇയാൾ കുട്ടിയുമായി യാത്ര ചെയ്തത്. എന്നാൽ മംഗളുരു റെയിൽവേ സ്റ്റേഷനിൽവെച്ച് കുട്ടി ഓടിവന്ന് തന്റെ കയ്യിൽ പിടിച്ചെന്നും പെൺകുട്ടികൾ ഇല്ലാത്തതിനാൽ കൂടെ കൂട്ടിയെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ഉടൻ തന്നെ പൊലീസ്, മംഗളൂരു റെയിൽവേ അധികൃതരെ വിവരമറിയിച്ചു. മംഗളുരു കങ്കനാടിയിൽ താമസിക്കുന്ന ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കാണാതായ കുട്ടിയാണ് അനിൽ കുമാറിനൊപ്പമുള്ളതെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കളും ചൈൽഡ് ലൈൻ പ്രവർത്തകരും കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു.















