ചിങ്ങമാസം പൊതുവെ കല്യാണങ്ങളുടെയും കാലമാണ്. ഇത്തവണ റെക്കോർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ ക്ഷേത്രം. 328 വിവാഹങ്ങളാണ് സെപ്റ്റംബർ എട്ടാം തീയതി ഗുരുവായൂരമ്പലനടയിൽവച്ചുനടക്കുന്നത്. ഇതിനുമുൻപും നൂറിലേറെ വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം ഗുരുവായൂരിൽ നടക്കുന്നത്.
ഇതുവരെ 327 വിവാഹങ്ങളാണ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നതെങ്കിലും എണ്ണം ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ഇതിന് മുൻപ് 227 വിവാഹങ്ങൾ ഒരു ദിവസം നടന്നിരുന്നതായിരുന്നു നിലവിലെ റെക്കോർഡ്. ഇതാണിപ്പോൾ പഴങ്കഥയാകാൻ പോകുന്നത്. സെപ്റ്റംബർ എട്ടിലേക്കായി ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് വിവാഹ മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹങ്ങൾ കൂടുതൽ നടക്കുന്ന ദിവസങ്ങളിൽ ഉപയോഗിക്കാനായി ഒരു പ്രത്യേക മണ്ഡപവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഏതായാലും റെക്കോർഡ് വിവാഹങ്ങൾ നടക്കുന്ന ദിവസമായതിനാൽ കൃത്യമായ ആസൂത്രണമില്ലെങ്കിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. വിവാഹത്തിനെത്തുന്ന ആളുകളെയും ഭക്തജനങ്ങളെയും ഒരുപോലെ നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ സെപ്റ്റംബർ 8 ന് ക്ഷേത്ര പരിസരത്ത് പ്രത്യേക നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. ഇത്രയധികം വിവാഹങ്ങൾ നടക്കുന്നതിനാൽ വാഹന പാർക്കിങ്ങിനും കൂടുതൽ സ്ഥലം ആവശ്യമായി വന്നേക്കാം. കൂടുതൽ പൊലീസിനെയും വിന്യസിക്കാൻ സാധ്യതയുണ്ട്.














