കട്ടൻ കാപ്പി, പാൽ കാപ്പി, ബ്രൂ കോഫി.. ഇതൊക്കെ കേട്ട് തഴമ്പിച്ചതാണെങ്കിലും എഗ് കോഫി എന്ന് കേട്ടിരിക്കുന്നവർ വിരളമായിരിക്കും. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെ മിഡ്വെസ്റ്റിലെ സ്കാൻഡിനേവിയൻ കുടിയേറ്റക്കാരാണ് ആദ്യമായി മുട്ട ചേർത്ത കാപ്പി ഉണ്ടാക്കിയതെന്നാണ് പറയുന്നത്. പേരിൽ മാത്രമാണ് സ്വീഡിഷ് ഉള്ളതെന്നതാണ് രസകരമായ കാര്യം.
മുട്ട് പൊട്ടിച്ചൊഴിക്കാതെ തോട് കൂടിയാണ് ഈ കാപ്പി തയ്യാറാക്കുന്നത്. കേൾക്കുമ്പോൾ നെറ്റി ചുളിച്ചാലും സംഭവം ഉള്ളതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടത്തിൽ കറങ്ങി നടക്കുന്ന വീഡിയോ സംശയങ്ങളൊക്കെ തീർക്കുമെന്ന് തീർച്ച.
മധുരപലഹാരങ്ങളിൽ മുട്ട ചേർക്കുന്നത് തരുന്ന അതേ ഫലമാണ് കാപ്പിയിൽ മുട്ട ചേർക്കുമ്പോൾ തരുന്നതെന്ന് അമേരിക്കക്കാർ പറയുന്നു. കാപ്പിയുടെ കയ്പ്പിനെ അകറ്റാൻ മുട്ടവെള്ള സഹായിക്കുന്നു. പച്ച മുട്ടയിൽ അടങ്ങിയിട്ടുള്ള സാൽമൊണല്ല ബാക്ടീരിയ ശരീരത്തിന് ദോഷം ചെയ്യുമെന്നതിനാൽ പാസ്ചറൈസ് ചെയ്ത മുട്ടകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. സ്വീഡിഷ് എഗ് കോഫി ഉണ്ടാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും മുട്ട ഭാഗികമായി പാകം ചെയ്യുന്നുണ്ടെങ്കിലും അപകടസാധ്യത പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കില്ല.
View this post on Instagram
ഇൻ്റർനെറ്റിൽ വൈറലായ സ്വീഡിഷ് എഗ് കോഫി ഉണ്ടാക്കേണ്ടത് ഇങ്ങനെ..
ചേരുവകൾ
മുട്ട-1
കാപ്പിപ്പൊടി- 1 മുതൽ ഒന്നര ടേബിൾ സ്പൂൺ
വെള്ളം-1 കപ്പ്
തണുത്ത വെള്ളം- 1 കപ്പ്
രുചിക്ക് പഞ്ചസാരയും പാലും
തയ്യറാക്കേണ്ട വിധം
മുഴുവൻ മുട്ടയും കാപ്പിപ്പൊടിയും ചേർത്തിളക്കുക. തിളച്ച വെള്ളത്തിലേക്ക് ഇത് ചേർത്ത് അഞ്ച് മിനിറ്റോളം തിളപ്പിക്കുക. അരിച്ചെടുത്ത വെള്ളം തണുത്ത വെള്ളത്തിനൊപ്പം ചേർക്കുക. മുട്ട കാപ്പി തയ്യാർ.















