സൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കങ്കുവയുടെ റിലീസ് മാറ്റിവച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാർത്തിയുടെ മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് റിലീസ് തീയതി മാറ്റിയെന്ന് സൂര്യ വ്യക്തമാക്കിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 10-ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
വേദിയിൽ വികാരഭരിതനായാണ് സിനിമ മാറ്റിവക്കുന്നതിനെ കുറിച്ച് സൂര്യ പങ്കുവച്ചത്. “രണ്ടര വർഷത്തിലേറെയായി 1000-ഓളം മനുഷ്യർ കങ്കുവക്ക് വേണ്ടി പ്രയത്നിക്കുന്നു. കങ്കുവ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ എല്ലാവരും അഹോരാത്രം കഷ്ടപ്പെട്ടു. സംവിധായകൻ ശിവ മുതൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും എല്ലാവരും ചിത്രത്തിന് വേണ്ടി പ്രയത്നിച്ചു. ഞങ്ങളുടെയൊക്കെ അധ്വാനം പാഴാകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്”.
“എന്നെക്കാൾ ഒരുപാട് സീനിയറാണ് രജനികാന്ത് സാർ. ഞാൻ ജനിച്ച സമയത്ത് തമിഴ് സിനിമയിൽ എത്തിയതാണ് അദ്ദേഹം. 50 വർഷത്തിലേറെയായി അദ്ദേഹം തമിഴ് സിനിമയുടെ ഐഡൻ്റിറ്റിയാണ്. ആദ്യം സൂപ്പർസ്റ്റാറിന്റെ സിനിമ വരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി”. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
ബോബി ഡിയോൾ, ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. രജനികാന്തിന്റെ വേട്ടയനും ഒക്ടോബർ 10-നാണ് റിലീസ് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏറെ ആശങ്കയിലായിരുന്നു ആരാധകരും.