ടെൽ അവീവ്: സൈനിക തലത്തിൽ സമ്മർദ്ദം തുടരാനാണ് ശ്രമമെങ്കിൽ ബന്ദികളായവരെയെല്ലാം ശവപ്പെട്ടികളിൽ മടക്കി അയയ്‌ക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളാക്കപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി ഹമാസ് പറയുന്നു. സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങൾ വിവിധ മേഖലകളിൽ നിന്ന് നടക്കുന്നതിനിടെയാണ് ഹമാസ് വീണ്ടും ഇസ്രായേലിനെതിരെ ഭീഷണിയുമായി എത്തിയത്.
സമാധാന കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ മുന്നോട്ട് വച്ച പല നിർദ്ദേശങ്ങളും ഹമാസ് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഒരു കരാർ ഉണ്ടാക്കി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി സൈനിക നടപടികളിലൂടെ തടവുകാരായവരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതാണ് ഹമാസ് ഭീകരരെ ചൊടിപ്പിച്ചത്.
അത്തരത്തിൽ സൈനിക സമ്മർദ്ദത്തിലൂടെ തടവുകാരെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആ നിർബന്ധം ബന്ദികളായ ഓരോരുത്തരേയും ശവപ്പെട്ടിക്കുളളിലാക്കുന്നതാണെന്നും, അവരുടെ കുടുംബങ്ങൾക്ക് ആ രീതിയിൽ മാത്രമേ അവരെ കാണാൻ സാധിക്കൂ എന്നും എസെദീൻ അൽ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു.