കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നത് തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്.കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയെന്ന രാജനഗരിയുടെ തെരുവീഥികളെ പുളകച്ചാർത്തണിയിച്ചുകൊണ്ട് നടക്കുന്ന അത്തം ഘോഷയാത്ര കണ്ണിനും കരളിനും നൽകുന്ന പരമാനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം നടക്കുക.
ജനാധിപത്യം പുലരുന്നതിനു മുൻപ് രാജഭരണകാലത്ത് കൊച്ചി നാട്ടുരാജ്യത്തിലെ രാജാക്കന്മാർ തുടക്കമിട്ടതാണ് തൃപ്പൂണിത്തുറ അത്തച്ചമയം
ഈ ആഘോഷം ഇന്ന് തൃപ്പൂണിത്തുറക്കാരുടെ മാത്രമല്ല കേരളീയരുടെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറി.
“അത്തം പത്തിന് പൊന്നോണം
അത്തച്ചമയം കെങ്കേമം” എന്ന ഈരടി തന്നെ അതിനുദാഹരണമാണ്
ചിങ്ങമാസത്തിലെ അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന വിശേഷ സംഭവമായിരുന്നു രാജഭരണകാലത്തെ അത്തച്ചമയം. 1947 ൽ സ്വാതന്ത്ര്യം കിട്ടുന്നത് വരെ തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട് കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ് 20-ന് നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. മഹാരാജാവിന്റെ എഴുന്നള്ളത്ത് മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന് രാമവർമ്മ പരീക്ഷിത്ത് മഹാരാജാവാണ് ഏറ്റവുമൊടുവിൽ ദർശനം നൽകിയത്.
അത്തച്ചമയത്തിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായ ചരിത്രം ലഭ്യമല്ല. ചേര രാജാക്കന്മാരുടെ കാലത്ത് രാജപ്രൗഡി പ്രകടിപ്പിക്കാനായിട്ടാണ് ഇത് നടത്തിയിരുന്നതെന്ന് പറയുന്നു.ആ വർഷത്തെ ഭരണ നേട്ടങ്ങളും വീഴ്ചകളും ചർച്ച ചെയ്ത് നടപടി എടുക്കാനുള്ള അവസരമായിരുന്നു ഇതെന്ന് വാദമുണ്ട്. ഈ ഘോഷയാത്രയിൽ എല്ലാ സാമന്ത രാജാക്കന്മാരും പ്രഭുക്കന്മാരും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ചേര രാജ്യ തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റും മുൻപ് തൃക്കാക്കരയിൽ വെച്ചും അത്തച്ചമയം ആഘോഷിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മഹാരാജാക്കൻമാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ് അത്തച്ചമയം നടക്കേണ്ടത്. ഇക്കാരണത്താൽ ചാഴൂർ കോവിലകത്തുവച്ചും, തൃശൂർ, കണയന്നൂർ, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്.
പഴയകാലത്ത് ജനങ്ങൾക്ക് അത്തച്ചമയത്തിനോടുണ്ടായിരുന്ന ഇഷ്ടം കാരണം തൃപ്പൂണിത്തുറയിലെപൗരസമിതി അത്തച്ചമയം പുനരാരംഭിക്കുകയായിരുന്നു. 1961 ൽ ഇത് ജനകീയ അത്തച്ചമയമായി മാറി. അതേ വർഷം തന്നെ കേരളസർക്കാർ ഓണത്തെ സംസ്ഥാനോത്സവമായി പ്രഖ്യാപിച്ചു. മുൻപ് ഹിൽപാലസിൽ നടന്നിരുന്ന ചമയം ഘോഷയാത്ര ഇപ്പോൾ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തംനഗറിലെത്തുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര അനേകരെ ആകർഷിക്കുന്നു.
ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം ഇന്ന്. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ് ഔദ്യോഗിക തുടക്കം. മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു.
Photo Courtesy : Tripunithura Athachamayam FB Page