പൊതുവേ യാത്രകളോട് താപര്യമേറെയുള്ളവരാണ് ഇന്ത്യക്കാർ. വിദേശ രാജ്യങ്ങളുടെ ഭംഗി ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഈ വർഷം ഇതുവരെ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ പ്രതിമാസം ചെലവഴിച്ചത് 12,500 കോടി രൂപയാണെന്ന് ആർബിഐ കണക്കുകൾ പറയുന്നു. മാലദ്വീപ്, ശ്രീലങ്ക, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇന്ത്യക്കാരുടെ പ്രിയ രാജ്യങ്ങളെങ്കിൽ അടുത്തിടെയായി ഇതിൽ മാറ്റം സംഭവിച്ചതായാണ് റിപ്പോർട്ട്.
ഓൺലൈൻ ട്രാവൽ കമ്പനിയായ MakeMyTrip-ന്റെ റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ യാത്ര അഭിരുചികൾ മാറുന്നതായി കണ്ടെത്തിയത്. ഭംഗി ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ യുഎസോ യുകെയോ ഇല്ല, മറിച്ച് കസാഖിസ്ഥാനും അസർബൈജാനും ഭൂട്ടാനുമൊക്കെ ഇടം പിടിച്ചു. കസാഖിസ്ഥാനിലേക്ക് 491 ശതമാനവും അസർബൈജാനിലേക്ക് 404 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് രേഖപ്പെടുത്തി.
എന്തുകൊണ്ട് ഈ രാജ്യങ്ങൾ ഇത്ര ആകർഷകമായെന്നാകും പലരും ചിന്തിക്കുക. 2022 മുതൽ ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ വിസ രഹിത പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് കസാക്കിസ്ഥാന്റെ നല്ല കാലം ആരംഭിച്ചത്. ഇതിന് ശേഷം ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്ന് കസാഖ് ടൂറിസം കമ്മിറ്റി ചെയർമാൻ ദസ്തൻ റൈസ്പെക്കോവ് പറഞ്ഞു. 2023-ൽ മാത്രം 28,300 ഇന്ത്യൻ പൗരന്മാരാണ് കസാക്കിസ്ഥാൻ സന്ദർശിച്ചത്. ടിക്കറ്റ് ലഭിക്കാനുള്ള എളുപ്പവും വിസ രഹിത പ്രവേസനവൂുമാണ് ഇന്ത്യക്കാരെ ആകർഷിച്ചതെന്ന് മേക്ക് മൈ ട്രിപ്പ് റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര മാത്രമേ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയിലേക്കുള്ളത്. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളും ഇന്ത്യക്കാരെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ സന്ദർശിക്കാവുന്ന യൂറോപ്യൻ രാജ്യമെന്നാണ് അസർബൈജാനെ സോഷ്യൽ മീഡിയയിൽ വാഴ്‌ത്തുന്നത്. അസർബൈജാൻ ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,40,000 ഇന്ത്യക്കാരാണ് രാജ്യത്ത് സന്ദർശനത്തിനായെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. മേക്ക് മൈ ട്രിപ്പും ഇതിനെ ശരി വയ്‌ക്കുന്നു. ഇന്റർനെറ്റിൽ അസർബൈജാൻ തിരഞ്ഞവരുടെ എണ്ണത്തിലും അഭൂതപൂർവമായ വർദ്ധനവാണുണ്ടായത്.
ഡൽഹിയിൽ നിന്ന് നേരിട്ട് രാജ്യത്തേക്ക് വിമാനസർവീസുണ്ട്. നാല് മണിക്കൂർ യാത്ര ചെയ്താൽ അസർബൈജാനിലെത്താം. ഷെങ്കൻ വിസയുമായി താരതമ്യം ചെയ്യുമ്പോൾ അസർബൈജാനിലേക്കുള്ള വിസ പ്രക്രിയ വളരെ ലളിതമാണ്.
ഭൂട്ടാൻ, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. വിസ ലഭിക്കാനുള്ള എലുപ്പവും വിസ രഹിത പ്രവേശനവുമാണ് ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ജനതയെ ആകർഷിക്കുന്നത്. ഇന്ത്യക്കാർ ഉറ്റുനോക്കുന്ന, യാത്ര ചെയ്യുന്ന പത്ത് രാജ്യങ്ങളുടെ പട്ടിക ഇതാ..
- കസാക്കിസ്ഥാൻ
- അസർബൈജാൻ
- ഭൂട്ടാൻ
- ഹോങ്കോംഗ്
- ശ്രീലങ്ക
- ജപ്പാൻ
- മലേഷ്യ
- നേപ്പാൾ
- റഷ്യ
- സൗദി അറേബ്യ