സംവിധായകൻ ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ലഹരി ആരോപണങ്ങൾ വന്നതിന് പിന്നാലെ ആഷിക് സംവിധാനം ചെയ്ത ‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ വീണ്ടും വിവാദത്തിൽ ആയിരിക്കുകയാണ്. കഞ്ചാവിനെയും മയക്കുമരുന്നിനെയും മഹത്വവൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് ഇടുക്കി ഗോൾഡ് എന്ന ചിത്രം ആഷിക് അബു സംവിധാനം ചെയ്തത് എന്നാണ് ഉയരുന്ന വിമർശനം. ഇതിനിടെ കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ പഴയ ഒരു അഭിമുഖം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. തന്റെ കഥയോട് ആഷിക് അബു സംവിധാനം ചെയ്ത സിനിമ നീതി പുലർത്തിയിട്ടില്ല എന്നും മയക്കുമരുന്നിനെ ഉടനീളം സിനിമയിൽ മഹത്വവൽക്കരിക്കുകയാണെന്നുമാണ് സന്തോഷം എച്ചിക്കാനം പറയുന്നത്.
“ഇടുക്കി ഗോൾഡ് ഞാൻ എഴുതുകയാണെങ്കിൽ അത് വേറൊരു തിരക്കഥയായി മാറുമായിരുന്നു. എന്റെ ഇടുക്കി ഗോൾഡിനോട് യാതൊരുവിധ നീതിപുലർത്തിയിട്ടല്ല ആ സിനിമ ചെയ്തിരിക്കുന്നത്. ആന്റി നർകോട്ടിക്കിന്റെ ഒരു ഷാഡോ പോലീസ് ഓഫീസർ ഞാൻ സന്തോഷ് എച്ചിക്കാനം ആണെന്ന് തിരിച്ചറിയാതെ സംസാരിക്കുകയുണ്ടായി. അദ്ദേഹം പുസ്തകം അധികം വായിക്കുന്ന ആളല്ല, സിനിമ ഒരുപാട് കാണുന്ന ആളുമല്ല. മയക്കുമരുന്നിനെതിരെ ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളാണ് അദ്ദേഹം. പോലീസുകാരൻ എന്നോട് പറഞ്ഞു, അദ്ദേഹം ഏറ്റവും കൂടുതൽ കണ്ട സിനിമ ഇടുക്കി ഗോൾഡ് ആണെന്ന്. ആ കഥാകൃത്തിനെ വെടിവെച്ച് കൊല്ലണമെന്ന് പോലീസുകാരൻ പറഞ്ഞു. ഞാനാണ് അതിന്റെ കഥാകൃത്തെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു”.
“ഞാൻ ആ പോലീസുകാരനോട് പറഞ്ഞു, കൊല്ലരുത് ആ കഥാകൃത്ത് ഞാനാണ്. സിനിമ ഭയങ്കരമായി മയക്കുമരുന്നിനെ പ്രമോട്ട് ചെയ്തിട്ടുണ്ട് എന്ന് പോലീസുകാരൻ എന്നോട് പറഞ്ഞു. നൂറു കുട്ടികളെ എടുത്താൽ അതിൽ 70 പേരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികളിൽ 70 ശതമാനവും ലഹരി ഉപയോഗിക്കുന്നു. ഇതിലേക്ക് ഈ സിനിമ ഒരു സമൂഹത്തെ നയിച്ചു എന്ന് പറയുന്നത് ഒരു എഴുത്തുകാരനെന്ന നിലയിൽ എന്നെ ഞെട്ടിക്കുന്നതാണ്. എന്റെ കഥയിൽ മയക്കുമരുന്നിനെ പ്രമോട്ട് ചെയ്യുന്ന സംഭവം ഇല്ല. എന്നാൽ ആ സിനിമയിൽ മയക്കുമരുന്നിനെ ഉടനീളം മഹത്വവൽക്കരിക്കുകയാണ്”-സന്തോഷ് എച്ചിക്കാനം പറഞ്ഞു.