ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലാവാര തകർച്ച ചൂണ്ടിക്കാട്ടി ഗവർണർ ആർഎൻ രവി. അധ്യാപക ദിനത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ നടന്ന പരിപാടിയിലാണ് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെ നിലവാരമില്ലായ്മയെ രൂക്ഷമായി വിമർശിച്ചത്.
ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസത്തിലൂടെ തമിഴ്നാട് സർക്കാർ കുട്ടികളെ ഭാവി അവതാളത്തിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സ്‌കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണ്. 75 ശതമാനം വിദ്യാർത്ഥികൾക്കും രണ്ടക്ക സംഖ്യ വായിക്കാൻ അറിയില്ല.
സംസ്ഥാനത്തെ അധ്യാപന നിലവാരം “ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിലാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതിലൂടെ, യുവാക്കളെ തൊഴിൽരഹിതരും ഒന്നിനും കൊള്ളാത്തവരും ആക്കി തീർക്കുകയാണ്, ഗവർണർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.















