സായുധസേനകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന രാഷ്‌ട്രീയ മിലിറ്ററി സ്കൂളുകളിലെ (ആർഎംഎസ്) 2025-26-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) അഫിലിയേഷനുള്ള അഞ്ച് റസിഡൻഷ്യൽ പബ്ലിക് സ്കൂളുകളിലേക്കാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 19 വരെ അപേക്ഷിക്കാവുന്നതാണ്.
ഷിംല (ഹിമാചൽ പ്രദേശ്), അജ്മേർ, ദോൽപുർ (രാജസ്ഥാൻ), ബൽഗാം, ബെംഗളൂരു (കർണാടക) എന്നിവിടങ്ങളിലാണ് സ്കൂളുകളുള്ളത്. സിബിഎസ്ഇ പാഠ്യക്രമം അനുസരിച്ച് 6-12 വരെ ക്ലാകസുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞ് സയൻസ് വിഭാഗം മാത്രമാണുള്ളത്. 10,12 പരീക്ഷകൾക്കൊപ്പം എൻഡിഎ പ്രവേശന പരീക്ഷയ്‌ക്കുള്ള ക്ലാസുകളും നൽകും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആറ്, ഒൻപത് ക്ലാസുകളിൽ ലഭ്യമായ ഒഴിവുകൾ പരിഗണിച്ച് പ്രവേശനം നൽകും. സായുധസേനാംഗങ്ങളുടെ വാർഡുകൾക്കും സിവിലിയൻ വിഭാഗക്കാർക്കും പ്രവേശനമുണ്ട്. ബോർഡിംഗ് നിർബന്ധമാണ്. ഡേസ്കോളർ രീതിയുണ്ടാവില്ല. പെൺകുട്ടികൾക്കും അപേക്ഷിക്കാം. അഞ്ചാം ക്ലാസ് ജയിച്ചവരോ ആറാം ക്ലാസിൽ പഠിക്കുന്നവർക്കോ അപേക്ഷിക്കാം. ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അംഗീകൃത സ്കൂളിൽ നിന്നും എട്ടാം ക്ലാസ് ജയിച്ചിരിക്കണം.
സിഇടിയിൽ യോഗ്യത നേടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും.ക്ലാസ് ആറ് ഇൻറർവ്യൂവിന് 20-ഉം ക്ലാസ് ഒൻപത് ഇൻറർവ്യൂവിന് 50-ഉം മാർക്ക് ഉണ്ടാകും. ഇതിലെ മാർക്കും സി.ഇ.ടി. മാർക്കും ചേർത്ത് അന്തിമമെറിറ്റ് തയ്യാറാക്കും. മെഡിക്കൽ ഫിറ്റ്നസ്, സംവരണം, സീറ്റ് ലഭ്യത തുടങ്ങിയകാര്യങ്ങൾ പരിഗണിച്ച് സീറ്റ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് www.rashtriyamilitaryschools.edu.in സന്ദർശിക്കുക.