ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന്റെ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിന് ബെംഗളൂരുവിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിന് വീണ്ടും എട്ടിന്റെ പണി. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകൾക്കായി ഇയാൾക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് പുറമെ ജയിലിലും കഴിയേണ്ടി വന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെൺകുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെൺകുട്ടിയെ അടിക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയം കോടതിയുടെ മുന്നിലെത്തിയതിനാൽ സ്റ്റേഷൻ ജാമ്യം നേടാനും മുത്തുരാജിന് കഴിഞ്ഞില്ല.
മുത്തുരാജിന്റേത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ” പട്ടാപ്പകലാണ് ഇയാൾ പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ഒരു റൈഡ് റദ്ദാക്കിയതിന്റെ പേരിൽ ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം അയാൾ മനസിലാക്കണം. അതുകൊണ്ടാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇയാളെ വിട്ടത്. ജാമ്യം ലഭിക്കണമെങ്കിൽ അഭിഭാഷകനെ വയ്ക്കുകയും, ഫീസ് അടയ്ക്കുകയും വേണം. ഇതിന് കുറഞ്ഞത് 30,000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവാകും. ഇനി ജാമ്യം കിട്ടണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇനി ജാമ്യം കിട്ടിയാലും പേപ്പർ വർക്ക് പൂർത്തിയാക്കി പുറത്തിറങ്ങണമെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും” ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റൈഡ് റദ്ദാക്കിയപ്പോൾ ദേഷ്യം വന്നതിനാലാണ് അത്തരത്തിൽ പെരുമാറിയതെന്നാണ് മുത്തുരാജ് പറയുന്നത്. എന്നാൽ ഒരു പെൺകുട്ടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ” ഒരു പക്ഷേ റൈഡ് റദ്ദാക്കിയതിന്റെ പേരിൽ അയാൾക്ക് പരമാവധി 20 അല്ലെങ്കിൽ 30 രൂപയിൽ കൂടുതൽ നഷ്ടമാകില്ല. പക്ഷേ ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ 30,000 രൂപയിൽ കൂടുതൽ ചെലവാക്കണം. പൊതുഇടത്തിൽ ഒരു പെൺകുട്ടിയെ ഇത്തരത്തിൽ അധിക്ഷേപിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഒഴിവാക്കാനാകുന്ന ഒരു സാഹചര്യമായിരുന്നു അതെന്നും” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ആർടിഒയോട് ട്രാൻസ്പോർട്ട് അഡീഷണൽ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മുത്തുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. മൊബൈൽ ആപ്പ് വഴി യാത്രക്കാർ റൈഡ് ബുക്ക് ചെയ്യുന്നത് റദ്ദാക്കുന്നതും സംബന്ധിച്ചുള്ള നടപടികൾ ആ കമ്പനിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഗതാഗത കമ്മീഷണർ എ എം യോഗീഷ് പറഞ്ഞു.