തിരുവനന്തപുരം: പാർട്ടിയോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് ഇ.പി ജയരാജൻ. ആത്മകഥ എഴുതണം എന്ന കാരണം പറഞ്ഞാണ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. എന്നാൽ കൺവീനർ സ്ഥാനനഷ്ടം ഇതുവരെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് വിവരം.
നിലവിൽ കേന്ദ്ര-സംസ്ഥാന സെക്രട്ടറിയേറ്റുകളിൽ ജയരാജൻ അംഗത്വമുണ്ട്. കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി. ഇതിന് പിന്നാലെ ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിക്കുകയും ചെയുതു. ആത്മകഥ അവസാന ഘട്ടത്തിൽ എത്തിയെന്നാണ് സൂചന.
സ്ഥാനം നഷ്ടപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കണ്ണൂരിലെ ശക്തനായ നേതാവിന്റെ മൗനവും ആത്മകഥയും പാർട്ടി നേതൃത്വത്തിന്റെ ചങ്കിടപ്പ് വർദ്ധിപ്പിക്കുന്നുണ്ട്.
യോഗത്തിൽ പങ്കെടുക്കാത്ത ജയരാജനെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കുറച്ച് കാലമായി പ്രതിഷേധത്തിന്റെ ഭാഗമായി ജയരാജൻ മുന്നണി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.















