ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മദ്യപിച്ച് ലക്കുകെട്ട് നടത്തിയ ഷോയിൽ നടൻ വിനായകനെതിരെ കേസെടുത്തു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സിഐഎസ്എഫിന്റെ പരാതിയിലാണ് കേസെടുത്തത്. വിമാനത്താവളത്തിൽ മദ്യലഹരിയിൽ ബഹളം വച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇതോടെ വാക്കുതർക്കം രൂക്ഷമാവുകയും ചെയ്തു.
ആദ്യം സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് എയർപോർട്ട് പൊലീസിന് കൈമാറി. സ്‌റ്റേഷനിലും വിനായകൻ ബഹളം വച്ചതായി പൊലീസ് പറഞ്ഞു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനടക്കം താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തേക്കും.
താരത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കും. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.അതേസമയം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്നും വിനായകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം.















