സൂപ്പർ ലീഗ് കേരളയിലെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്‌ത്തി മലപ്പുറം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് കൊച്ചിയുടെ തോൽവി. ആദ്യപകുതിയിലാണ് വിജയ ഗോളുകൾ പിറന്നത്. മൂന്നാം മിനിട്ടിൽ മാൻസിയും 40 മിനിട്ടിൽ ഫസലുറഹ്മാനുമാണ് മലപ്പുറത്തിന്റെ ഗോളുകൾ നേടിയത്. ഒത്തിണക്കത്തോടെ കളിച്ച മലപ്പുറത്തിന്റെ അർഹിച്ച വിജയമായിരുന്നു കലൂരിന്റേത്.
ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ സ്പെയിൻ താരം പെഡ്രോ മാൻസിയാണ് മലപ്പുറത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. യുവതാരങ്ങളുടെ കരുത്തുമായെത്തിയ കൊച്ചിക്ക് പക്ഷേ മലപ്പുറത്തിന്റെ പരിചയ സമ്പത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടാം പകുതിയിലും കാര്യമായ വെല്ലുവിളി ഉയർത്താനും കൊച്ചിക്ക് സാധിച്ചില്ല. ആകെ കിട്ടിയ ഒരു സുവർണാവസരം സിരി ഒമ്രാൻ തുലച്ചതോടെ കൊച്ചിയുടെ പ്രതീക്ഷകളും അവസാനിച്ചു.