ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യയുടെ ആചാരപരമായ സ്വീകരണവും അബുദാബി കിരീടാവകാശിക്ക് നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തിയത്. സെപ്റ്റംബർ 9, 10 ദിവസങ്ങളിലായാണ് സന്ദർശനം. 9ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെയും അദ്ദേഹം സന്ദർശിക്കും. ശേഷം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും.
10ന് മുംബൈയിലെത്തുന്ന ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതാണ്. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. അബുദാബി കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം എക്സിൽ കുറിച്ചു.