കൊച്ചി: സൂപ്പർ ലീഗിൽ FC ഗോവയെ കിരീടത്തിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നായകൻ സന്ദേശ് ജിങ്കൻ. തന്നെ വളർത്തിയ ആരാധകരാണ് കേരളത്തിലേത്. തനിക്ക് പിന്തുണ നൽകിയ ആരാധകർക്ക് നന്ദിയറിയിക്കുന്നുവെന്നും ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജിങ്കൻ പറഞ്ഞു.
പുതിയ സീസണിൽ പുതിയ പ്രതീക്ഷകളുമായാണ് ഇറങ്ങുന്നതെന്ന് താരം പറഞ്ഞു. വീണ്ടും പിച്ചിലേക്ക് തിരികെയെത്തി. എല്ലാ തവണത്തേയുംപോലെ ഫുട്ബോൾ ആസ്വദിച്ച് കളിക്കും. ആദ്യത്തെ മാച്ചിനായി കാത്തിരിക്കുകയാണ്. ആദ്യത്തെ കളി തന്നെ ജയിച്ചു തുടങ്ങാനാണ് ആഗ്രഹം. കിരീടത്തോടെ സീസൺ അവസാനിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇത്തവണ ധാരാളം പുതുമുഖങ്ങൾ ടീമിലെത്തി. ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ കൂടിയായ ജിങ്കൻ പറഞ്ഞു.
കേരളത്തിൽ തനിക്ക് ഇപ്പോഴും ആരാധകർ ഉണ്ടെന്നതിൽ സന്തോഷമുണ്ട്. ഇവിടം ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. കേരളത്തിൽ ഉണ്ടയിരുന്ന ഓരോ ദിവസങ്ങളും ആഴ്ചകളും തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ജിങ്കൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ 4 വർഷത്തിലേറെ താമസിച്ച ഹോട്ടലിലാണ് കൊച്ചിയിലെത്തിയപ്പോൾ താമസിക്കുന്നത്. ഒരുപാട് നല്ല ഓർമ്മകൾ ഇപ്പോഴും തന്റെകൂടെയുണ്ടെന്നും ജിങ്കൻ പറഞ്ഞു.