സോൾ: ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിൽ കിം ജോങ് ഉന്നിന് ആശംസകൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും. സ്‌റ്റേറ്റ് മീഡിയ കെസിഎൻഎ ആണ് ഈ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും, ഇതിനായി ഒരുമിച്ച് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പുടിൻ പറഞ്ഞതായി കെസിഎൻഎ അറിയിച്ചു.
ഉത്തരകൊറിയയുമായി തുടർന്നും ബന്ധവും സഹകരണവും ശക്തമാക്കുമെന്നും ഷി ജിൻ പിങ്ങും അറിയിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സെപ്തംബർ 9 ആണ് ഉത്തരകൊറിയയുടെ സ്ഥാപകദിനമായി ആചരിച്ച് വരുന്നത്. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി വിവിധ സൈനിക-അർദ്ധ സൈനിക വിഭാഗങ്ങളുടെ പരേഡ് അടക്കം രാജ്യത്ത് നടത്തിയിരുന്നു.
ചൈനയുമായും റഷ്യയുമായുള്ള ബന്ധം ഭാവിയിലും ശക്തമാക്കുമെന്നും കിം ജോങ്ങും ഉന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പല മേഖലകളിലും സഹകരണം വർദ്ധിപ്പിച്ചിരുന്നു. അടുത്തിടെ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ രാജ്യത്തിന് ആവശ്യമായ സഹായങ്ങൾ കൈമാറുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.















