ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 20 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ആം ആദ്മി പാർട്ടി. കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ചേക്കില്ലെന്ന സൂചന നൽകിക്കൊണ്ടാണ് പാർട്ടി ആദ്യ പട്ടിക പുറത്ത് വിട്ടത്. രണ്ടാം ഘട്ട പട്ടിക ഉടൻ പുറത്ത് വിടുമെന്ന് ആം ആദ്മി ഹരിയാന അദ്ധ്യക്ഷൻ സുശീൽ ഗുപ്ത പറഞ്ഞു.
പട്ടിക പ്രകാരം എഎപി ഹരിയാന യൂണിറ്റ് വൈസ് പ്രസിഡന്റ് അനുരാഗ് ദണ്ഡെ കലയത്തിൽ നിന്നും, ഇന്ദു ശർമ്മ ഭിവാനയിൽ നിന്നും, വികാസ് നെഹ്റെ മെഹാമിൽ നിന്നും, ബിജേന്ദർ ഹൂഡ റോഹ്തക്കിൽ നിന്നും മത്സരിക്കും. 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സെപ്തംബർ 12 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്.
മത്സരിക്കാനുള്ള സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഇരുകൂട്ടരും തമ്മിൽ സഖ്യസാധ്യതകളിൽ വിള്ളൽ വീണത്. ആം ആദ്മി 10 സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മിക്ക് സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്, ആം ആദ്മിക്ക് കൂടുതൽ സീറ്റുകൾ നൽകില്ലെന്ന് വ്യക്തമാക്കിയത്. കോൺഗ്രസ് സംസ്ഥാന നേതൃത്വമാണ് ആം ആദ്മിക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുള്ളത്.
ഇൻഡി സഖ്യത്തിലെ പങ്കാളികളാണ് തങ്ങളെന്നും, സഖ്യം ചേർന്ന് മത്സരിക്കാൻ ഇനിയും സമയമുണ്ടെന്നുമാണ് ആം ആദ്മിയുടെ നിലപാട്. എല്ലാ മണ്ഡലങ്ങളിലും തങ്ങൾ സംഘടനാ പ്രവർത്തനം ശക്തമാക്കിയതായും ഇവർ അവകാശപ്പെടുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കോൺഗ്രസ്സും പുറത്ത് വിട്ടിട്ടുണ്ട്. ആം ആദ്മിയുമായി ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ വ്യക്തമാക്കി.