ഓഫീസിലിരുന്ന് പരസ്പരം ചുംബിച്ച ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. സിചുവാനിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വേവ്വേറെ വിവാഹിതരായിരുന്നവരാണ് ഓഫീസിനുള്ളിൽ വച്ച് ചുംബിച്ചത്.
ജീവനക്കാരന്റെ ഭാര്യ ഫോട്ടോകളും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ കമ്പനിയ്‌ക്ക് കൈമാറിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സഹപ്രവർത്തകയുമായുള്ള ഭർത്താവിന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് യുവതി ഓഫീസിൽ എത്തിയിരുന്നു. ജീവനക്കാരിയുടെ ഭർത്താവിനെയും വിവരങ്ങൾ അറിയിച്ചു. തുടർന്ന് ഓഫീസിലെ എല്ലാ ജീവനക്കാരുടെയും സാന്നിധ്യത്തിൽ ഇരുവരെയും ചോദ്യം ചെയ്തെങ്കിലും ബന്ധത്തിൽ ഇരുവരും ഉറച്ചുനിന്നു.
ഓഫീസിൽ നേരത്തെയും ഇവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കമ്പനിയിലെ ഏഴ് ജീവനക്കാർ ഇരുവർക്കുമെതിരെ കമ്പനിയുടെ ജനറൽ മാനേജർക്ക് പരാതി നൽകിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത്.