ന്യൂഡൽഹി: സിഖുകാരെ പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ജനങ്ങളിൽ വിദ്വേഷം പടർത്തുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്നും 1984 സിഖ് വിരുദ്ധ പ്രക്ഷോഭത്തിൽ സിഖുകളെ കൂട്ടക്കൊല ചെയ്തത് രാഹുലിന്റെ പിതാവിന്റെ കാലത്താണെന്നും ബിജെപി പറഞ്ഞു.
ഇന്ത്യയിൽ ഒരു സിഖുകാരന് തന്റെ ടർബനും (തലപ്പാവ്) കടയും ധരിച്ച് ഗുരുദ്വാര സന്ദർശിക്കാൻ കഴിയുമോ എന്നതാണ് ഇന്നത്തെ പോരാട്ടമെന്നാണ് യുഎസിൽ രാഹുൽ പറഞ്ഞത്. രാജ്യത്തിന് പുറത്തുതാമസിക്കുന്ന ജനങ്ങളിൽ വിദ്വേഷം പടർത്താനും അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്താനുമാണ് രാഹുൽ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
“60 വർഷത്തിലേറെയായി ഞാൻ ടർബനും കടയും ധരിക്കുന്നു. ഇത് ധരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. രാഹുലിന്റെ പിതാവിന്റെ കാലത്താണ് 3,000 സിഖുകാരെ കൊന്നൊടുക്കിയത്,” അദ്ദേഹം പറഞ്ഞു.
സിഖുകാരെ കൂട്ടക്കൊല ചെയ്ത കോൺഗ്രസാണിപ്പോൾ ബിജെപിയെ പഠിപ്പിക്കാൻ വരുന്നതെന്നും ഇതിനുപിന്നിൽ പ്രീണന രാഷ്‌ട്രീയമാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. സിഖുകാർക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകൾ പുതിയതല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം സിഖുകാരോട് വിദ്വേഷം വച്ചുപുലർത്തുന്നവരാണെന്നും ബിജെപി നേതാവ് മൻജീന്ദർ സിംഗ് സിർസ പറഞ്ഞു. ചൈനയുടെയും പാകിസ്താന്റേയും പിന്തുണയ്‌ക്ക് വേണ്ടിയാണ് രാഹുൽ വിദേശത്തുപോയി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.