എറണാകുളം: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ മര്‍ദനം. പനങ്ങാട് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരായ കുഞ്ഞിക്കുട്ടന്‍, രോഹിത് എന്നിവര്‍ക്കാണ് മർദനമേറ്റത്. ഉച്ചയ്‌ക്ക് 12.30- ഓടെയാണ് സംഭവം.
വീട്ടിലുണ്ടായിരുന്ന ജെയ്നി എന്നയാളാണ് ജീവനക്കാരെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ നിന്ന് പുറത്തിറങ്ങടാ ആക്രോശിച്ചായിരുന്നു ജെയ്നി ജീവനക്കാരെ മർദിച്ചത്. വീടിനുള്ളിൽ നിന്ന് വടിയുമായെത്തിയ ഇയാൾ ജീവനക്കാരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഒരാളുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ പനങ്ങാട് കെഎസ്ഇബി ഓഫീസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെയ്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.