ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഡിബേറ്റിൽ പങ്കെടുക്കാനൊരുങ്ങി ഡോണൾഡ് ട്രംപും, കമല ഹാരിസും. കമല ഹാരിസ് സ്ഥാനാർത്ഥിത്വം ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇരുവരും പരസ്യ സംവാദത്തിന് തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന സംവാദമെന്നാണ് ഫിലാഡൽഫിയയിൽ നടക്കാനൊരുങ്ങുന്ന ചർച്ച വിലയിരുത്തപ്പെടുന്നത്.
ഡിബേറ്റിൽ പങ്കെടുക്കുന്നതിനായി ട്രംപ് തന്റെ സ്വകാര്യ വിമാനത്തിൽ ഫിലാഡൽഫിയയിൽ എത്തിച്ചേർന്നിട്ടുണ്ട്. കമല ഹാരിസ് കഴിഞ്ഞ ദിവസം മുതൽ തന്നെ നഗരത്തിൽ തുടരുകയാണ്. എബിസി ന്യൂസ് ആണ് ഇരുവരുടേയും സംവാദത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രാദേശികസമയം രാത്രി 9 മണിയോടെ സംവാദം ആരംഭിക്കുമെന്നാണ് വിവരം. തുടർച്ചയായി ഇടവേളകളില്ലാതെ 90 മിനിറ്റോളം സംവാദം നീളുമെന്നാണ് വിവരം.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി ആദ്യം നിശ്ചയിക്കപ്പെട്ടിരുന്ന ജോ ബൈഡൻ, ട്രംപുമായി നടത്തിയ സംവാദത്തിന് പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. സംവാദത്തിൽ ബൈഡൻ മോശം പ്രകടനമാണ് നടത്തിയതെന്ന് കാണിച്ച് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് കമല ഹാരിസ് മത്സരരംഗത്തേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ കമല ഹാരിസിനെ സംബന്ധിച്ചും ഈ ഡിബേറ്റ് ഏറെ നിർണായകമാണ്. കമല ഹാരിസ് സംവാദത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. കമല ഹാരിസുമായി സംസാരിച്ചുവെന്നും, അവർ പൂർണ ആത്മവിശ്വാസത്തിലാണെന്നും ബൈഡൻ പറഞ്ഞു.
ആരെ പിന്തുണയ്‌ക്കണമെന്ന് ഇനിയും തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസരമായിട്ടാണ് ഇരുകൂട്ടരും ഇതിനെ കാണുന്നത്. അതേസമയം സംവാദത്തിന് ഇക്കുറി തത്സമയം പ്രേക്ഷകർ ഉണ്ടാകില്ല. ഓരോ സ്ഥാനാർത്ഥികളുടേയും മൈക്രോഫോൺ അവർക്ക് അനുവദിച്ച സമയത്ത് മാത്രമേ ഓൺ ആവുകയുള്ളു എന്നാണ് തീരുമാനം. മുൻ ചർച്ചകളിൽ എതിർ സ്ഥാനാർത്ഥികളുടെ വാദങ്ങളെ അവർ സംസാരിക്കുന്നതിനിടെ തന്നെ എതിർത്ത് സംസാരിക്കുന്ന രീതി മറികടക്കാനാണ് ഈ നീക്കം.